ഫോട്ടോഗ്രാഫി
11 December 2025| Poetry

ഫോട്ടോഗ്രാഫി
വിഷാദം എന്ന് പേരുള്ള
പുസ്തകത്തിന്റെ പുറം
ചട്ടയിൽ ചേർക്കാനായി
എഴുത്തുകാരിയുടെ ചിത്രം
പകർത്തുന്ന ഫോട്ടോഗ്രാഫർ
ഒരു കവിതയാവുന്നു
അവളുടെ ജന്മാന്തര
വിഷാദങ്ങളിലേക്കാണ്
അയാളുടെ കണ്ണുകൾ
ഫോക്കസ് ചെയ്യുന്നത്
അയാൾ കാലുകൾ
പിണച്ച് ഒരു ജീവിതത്തെ
ഒറ്റനിമിഷത്തിലേക്ക്
ആറ്റി കുറുക്കിയെടുക്കാനുള്ള
സൂക്ഷ്മതയിലേക്ക്
ധ്യാനം കൊള്ളുന്നു
എഴുത്തുക്കാരിയുടെ
അനന്തക്കോടി വിഷാദങ്ങളുടെ
കറ പുരണ്ട് കരുവാളിച്ച
ഹൃദയത്തിന്റെ ഇരുളിമയിലേക്ക്
അയാൾ തുള്ളി തുള്ളിയായി
വെളിച്ചം കടത്തി വിടുന്നു
അവരുടെ ജീവന്റെ
വരൾച്ചയിലെ ഒടുവിലത്തെ
തളിരിലയെങ്കിലും
കൊഴിഞ്ഞു പോകല്ലേ
എന്ന പ്രാർത്ഥനയെ
കൂടി അയാളുടെ ശ്വാസം
അടക്കി പിടിക്കുന്നുണ്ടെന്നു തോന്നി
അയാളുടെ ധ്യാനഭരിതമായ നിൽപ്പ്
ഒരു കവിത തന്നെയാണ്
അയാൾ ചിമ്മിചുരുക്കി വെയ്ക്കുന്ന
ഒറ്റകണ്ണിലേക്കു നോക്കൂ
അതിന്റെ ഏകാഗ്രത
ഒരു മൈക്രോ ലെൻസിന്റെ
കരുണയിലേക്ക്
കനപ്പെട്ട ഒരു ജീവിതത്തിലേക്ക്
അയാൾ ഇരുട്ടിനേയും
വെളിച്ചത്തിനെയും
ആനുപാതികമായി
സന്നിവേശിപ്പിക്കുന്നു
ഒരു ജീവിതത്തിന് മേൽ
കനച്ചു കിടക്കുന്ന
ജീവിതത്തിന്റെ ഭാരങ്ങളെ അയാൾ കരുണയോടെ
അടർത്തി കളയുന്നു
അവർ ജനിക്കുന്നതിനു മുന്പും
മരിച്ചതിനു ശേഷവും എഴുതാനിരിക്കുന്ന
കവിതകൾ കൂടി
അയാളുടെ ആർദ്രത
ഒറ്റനിമിഷത്തിലേക്ക്
ആറ്റി കുറുക്കിയെടുക്കുന്നു
ആ എഴുത്തുകാരി
ജീവിതത്തിൽ കൊണ്ട
വെയിലുകളുടെ ചൂടിനെ
മുഴുവൻ അയാളുടെ
സൂക്ഷമമായ കരുണ
തണുപ്പിച്ചെടുക്കുന്നുണ്ട്
അയാൾ സ്വന്തം ഉടൽ
ഒരു സൂഫിസന്യാസിയുടെ
നൃത്തം പോലെ പെരുവിരലിൽ ഊന്നിനിൽക്കുന്ന
ജീവന്റെ കനങ്ങളെ
ആത്മാവിലെ ഇരുട്ടുകളെ
അടർത്തി മാറ്റിയ
നിലാവിനോളം
ഭാരരഹിതമായ
ഒന്നായി അയാൾ ആവിഷ്കരിക്കുന്നു
എഴുത്തുകാരി
ആ ചിത്രത്തിൽ
പരിഭാഷപെടുത്തേണ്ട
കവിതയായി അയാളുടെ
നിൽപ്പ് രൂപാന്തരപ്പെടുന്നു
തീവ്രവും കഠിനവുമായ
ഒരു ജീവിതത്തിലേക്ക്
ഇരുളും വെളിച്ചവും ആനുപാതികമായി
കുഴച്ചു ചേർത്ത ഒരു കവിതയുടെ ക്ലിക്ക് ആണ്
ഒരു ജീവിതത്തെ പൂർണ്ണമായും അനശ്വരമായും
ഒറ്റ നിമിഷത്തിലേക്ക്
ആറ്റി കുറുക്കിയെടുക്കുന്നത്
സ്മിത സൈലേഷ്
കവി.