logo

ഈജിയൻ കടൽ

09 December 2025 | Poetry

ഈജിയൻ കടൽ

സ്കോച്ച് വിസ്കിയിൽ തൂങ്ങി ഈജിയൻ കടൽത്തീരത്ത് ഞാനും കൂട്ടുകാരനും ഇരുന്നു ഇരുണ്ട കടൽത്തിരകൾ ഇരമ്പമായി വന്ന് പതയുന്ന വെട്ടത്തിൽ മദ്യപിച്ച് നൃത്തം ചെയ്യുന്ന കറുത്തവരേയും വെളുത്തവരേയും കടന്നാണ് ഇവിടെ എത്തിയത് സോഫോക്ലീസ് ഒരിക്കൽ ഇവിടെ വന്നിട്ടുണ്ടാകുമോ ? ഞാൻ വെറുതെ ആലോചിച്ചു. ഇഡിപ്പസ് റെക്സ് എന്നിൽ ദുരന്തമായി സഹോദരിയെ കാമിച്ചു പോയ ഒരാളാണ് ഞാനും ഞാൻ കണ്ണുകൾ കുത്തിപ്പൊട്ടിച്ചില്ല പകരം എൻ്റെ ഹൃദയം കഴുകുകൾ കൊത്തിപ്പറിച്ചു എങ്ങും നില്ക്കാനാകാതെ
ഇവിടെയുമെത്തി ഈഡിപ്പസ് റെക്സിനെ ഹാഗിയ സോഫിയയുടെ അടുത്തുവച്ചു കണ്ടിരുന്നു പിച്ചക്കാരനായി കണ്ണുകൾ കുഴികൾ കയ്യിലവശേഷിച്ച ലിറ ഞാൻ കൊടുത്തു സോഫോക്ലീസേ , ജീവിതം ഒരു ദുരന്തനാടകം തന്നെ ഞാൻ ഉറക്കെ പറഞ്ഞു
സ്നേഹിതൻ അതുകേട്ട് എന്നെ മിഴിച്ചുനോക്കി നാളെ ഞങ്ങൾ മർമറാ കടലും ബോസ്ഫറസും കരിങ്കടലും കണ്ടുപോകും മരിച്ചാൽ തീരുന്ന ആധികളല്ലേ ലോകത്തുള്ളു

 എസ്. ജോസഫ്

എസ്. ജോസഫ്

കവി